കുടിയന്‍

ഒരു കുടിയന്‍ പറഞ്ഞ കഥ.

നിങ്ങള്‍ എന്താ പഠിക്കുന്നേ?”.

കൂട്ടുകാര്‍ക്കുള്ള അത്താഴം പൊതിഞ്ഞു മേടിക്കാന്‍ കടയില്‍ വന്ന ഞാനും അരുണും ടി.വി.യില്‍ ‘ട്രാഫിക്‌’ കണ്ടുകൊണ്ടിരിക്കെ നിനക്കാതെ വന്നതാണീ ചോദ്യം.

രാവിലെ മുതല്‍ എവിടെയോ പോയി അലച്ചതിന്റെ ക്ഷീണം ഒരു കുപ്പി മദ്യത്തില്‍ തീര്‍ത്തു, വീട്ടിലേയ്ക്കുള്ള രണ്ടു പരിപ്പുവടയും രണ്ടു പപ്പടബോളിയും മേടിക്കാന്‍ വന്നിരുന്ന ഒരു കുടിയന്റെതാണ് ചോദ്യം.

“ആനിമേഷന്‍”, തെല്ലൊരു പുഞ്ചിരിയോടെ ഞാന്‍ മറുപടി പറഞ്ഞു. കുടിയന്മാരോടു സംസാരിക്കുമ്പോള്‍ ഒരു ചരി മുഖത്ത് വെച്ചുപ്പിടിപ്പിക്കണമെന്നാരോ ഉള്ളില്‍നിന്ന് വിളിച്ചു പറഞ്ഞിരുന്നു.

“ആഹ്… അതീ കുത്തിവരയോക്കെയല്ലേ… ടി.വി.ലൊക്കെ കാണുന്ന…”

“ആ.. അതുതന്നെ ചേട്ടാ… കാര്‍ട്ടൂണ്‍.. അതൊക്കെതന്നെ..”. ചോദ്യം ചോദിക്കാന്‍ നന്നേ ബുദ്ധിമുട്ടിയ ചേട്ടനെ പെട്ടെന്നുള്ള മറുപടിയാല്‍ ഞാന്‍ രക്ഷപെടുത്തി.

“എന്റെ ചേട്ടന്റെ മോനും ഈ കുന്ത്രാണ്ടമാ പഠിക്കുന്നേ.. അവന്‍ പക്ഷെ ഇവിടല്ല… നഗോവ്ല്‍..”. സംസാരിച്ചിരുന്നപ്പോള്‍ പെട്ടെന്ന് പുള്ളീടെ നാക്കുടക്കി.

“എവിടാ ചേട്ടാ..?”, തെല്ലൊരു കൗതുകത്തോടെ ഞങ്ങള്‍ ചോദിച്ചു.

“നാ.ഗ.ര്‍.കോ.വില്‍.”, വീണ്ടും തെറ്റിപോകാതിരിക്കാന്‍ കണ്ണിറുക്കി ഓരോ വാക്കും എടുത്തെടുത്താണ് അയാള്‍ അത് പറഞ്ഞത്. കഷ്ട്ടപെട്ടു പറഞ്ഞ ആ വാക്കിന് ശേഷം ലോകം പിടിച്ചെടുത്ത സന്തോഷമുണ്ടായിരുന്നു അയാളുടെ മുഖത്ത്.

“ഒഹ്… നാഗര്‍കോവിലിലാല്ലേ… ശരി..ശരി…”. പുഞ്ചിരിയോടെ തുടങ്ങിയ സംഭാക്ഷണം പുഞ്ചിരിയോടെ തന്നെ അവസാനിപ്പിച്ചു ഞങ്ങള്‍ ‘ട്രാഫിക്‌’ലേക്ക് തിരിച്ചുപോയി.

“അല്ലേല്ലും നിങ്ങള്‍ക്ക് ഒന്നും അറിയണ്ടല്ലോ.. നിങ്ങള്‍ടെ അപ്പനും അമ്മയും എത്ര കഷ്ട്ടപെട്ടാ നിങ്ങളെ പഠിപ്പിക്കുന്നെ… അല്ലാ.. അവന്‍ പറഞ്ഞതിലും കാര്യമുണ്ട്.. അവനെന്തു തെറ്റ് ചെയ്തു.” അഞ്ചു നിമിഷത്തെ ഇടവേളയ്ക്കു ശേഷം അയാള്‍ വീണ്ടും എന്തൊക്കെയോ പുലമ്പി.               ഞാന്‍ അരുണിനെ നോക്കി. അവന്‍ എന്നെയും നോക്കി ‘എന്തുവാടേ’ എന്നൊരു ഭാവത്തില്‍ പുഞ്ചിരിച്ചു. ചെറിയൊരു ചിരി ഞാനും തിരിച്ചു പാസ്സാക്കി.

“നിങ്ങള്‍ അങ്ങനെയൊക്കെ ചെയ്യുവോ?”, അയാള്‍ വീണ്ടും ചോദ്യം ഇറക്കി.

“എന്ത്..?”, ഞങ്ങള്‍ക്ക് ഒന്നും പിടികിട്ടിയില്ല.

“നിങ്ങള്‍ അങ്ങനെയൊക്കെ ചെയ്യുവോ?”, പുള്ളി വീണ്ടും ചോദിച്ചു.

എന്താണ് പുള്ളി ഉദ്ദേശിച്ചതെന്നു ഞങ്ങള്‍ക്ക് മനസ്സിലായിലെങ്കിലും “ഇല്ല” എന്ന് ഞങ്ങള്‍ ഉത്തരം പറഞ്ഞു. ചെറുതായൊന്നു ചിരിക്കുക മാത്രമാണ് അയാള്‍ ചെയ്തത്. ചോദ്യം ഞങ്ങള്‍ക്ക് മനസ്സിലായില്ലയെന്നു അയാള്‍ക്ക് മനസ്സിലായതിനാലാണോ അയാള്‍ ചിരിച്ചതെന്ന സംശയം ഞങ്ങളില്‍ ഉടലെടുത്തെങ്കിലും ഒരു ചിരി തിരിച്ചു പാസ്സാക്കി ഞങ്ങള്‍ ഞങ്ങളുടെ ‘സംശയ’മുഖം മറച്ചു.

“ഞാനൊരു കുടിയനാട്ടോ… നമ്മുക്ക് വല്യ പഠിപ്പൊന്നുമില്ല…”, കുടിയന്‍ എന്ന് സമൂഹം മുദ്രകുത്തിയ ഒരു മനുഷ്യന്റെ നിസ്സഹായതയില്‍ പിറന്ന കുറ്റസമ്മതംപോലെയായിരുന്നു  അയാള്‍ അത് പറഞ്ഞു തുടങ്ങിയത്.

“…എന്നാലും ഞാന്‍ ഒരു കഥ പറയാം… നിങ്ങള്‍ക്കിഷ്ട്ടപെടുമോ എന്നെനിക്കറിയില്ല.. ബംഗ്ലൂരിലൊരു സ്ഥലത്ത് രണ്ടു വീടുണ്ടേ…അപ്പുറത്തും ഇപ്പുറത്തുമായിട്ടു… ഒരു വീട്ടി ഒരു ആശാരിയാ താമസം.. മറ്റേ വീട്ടി കൊറേ പിള്ളേരും… ഈ ആശാരി എല്ലാ ദിവസവും എവിടേലുമൊക്കെ പോയി പണിയെടുക്കും.. കുടുംബം നോക്കാന്‍ പുള്ളി ഭയങ്കരമായിട്ട് കഷ്ട്ടപെട്ടു… രാത്രിയില്‍ താമസിച്ചാ അയാള്‍ വീട്ടി വരുന്നെ… ഭയങ്കര മടുപ്പായിരിക്കും… അങ്ങനെയാണ് പുള്ളി ജീവിച്ചോണ്ടിരുന്നെ… ഒരു ദിവസം അയാള്‍ ഭയങ്കര വിഷമിച്ചു വീട്ടി വന്നു… അന്ന് വല്യ പൈസയൊന്നും കിട്ടിയില്ല.. പുള്ളിക്ക് കരച്ചില്‍വരെ വന്നു.. പക്ഷെ ഭാര്യയും കുട്ടികളും കാണാതിരിക്കാന്‍ മുഖം കഴുകിക്കൊണ്ടിരുന്നപ്പോള്‍ അപ്പുറത്തെ വീട്ടീന്ന് ഭയങ്കര ഒച്ചേം ബഹളവുമൊക്കെ കേട്ടു.. ഒരിടത്ത് പൈസ ഇല്ലാണ്ട് ഒരു കുടുംബം വലയുമ്പോള്‍ മറ്റൊരിടത്ത് പൈസ വച്ച് അര്‍മ്മാധിക്കുന്നു ഒരു പറ്റം ചെറുപ്പക്കാര്‍.. ദേഷ്യം സഹിക്കവയ്യാതെ ആശാരി അപ്പുറത്തെ വീട്ടി ചെന്ന് കോളിംഗ് ബെല്ലടിച്ചു.. കതകു തുറന്നു ഒരു ചെക്കന്‍ പുറത്ത് വന്നു… അകത്തു ആണുങ്ങളും പെണ്ണുങ്ങളുമായി കുറേപേര്‍.. ബിയറും കള്ളുമൊക്കെ കുടിച്ചു ആടിപാടി തിമര്‍ക്കുവാണവര്‍… തന്റെ അവസ്ഥയില്‍ കലിപ്പൂണ്ടിരുന്ന ആശാരി കതകു തുറന്ന ചെക്കന്റെ മുഖത്തിനിട്ട് ഒറ്റയൊരണ്ണം കൊടുത്തു.. എന്നിട്ട് പറഞ്ഞു, “ഇവിടെ ബാക്കിയുള്ളവര്‍ ഒരു നേരത്തെ അന്നത്തിനായി കിടന്നു കഷ്ട്ടപെടുവാ… അപ്പോളാ നിന്റെയൊക്കെ ആട്ടവും പാട്ടും… നിര്‍ത്തിക്കോണം ഇന്നത്തോടെ…” ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം അയാള്‍ തുടര്‍ന്നു, “..അല്ലേല്ലും നിങ്ങള്‍ക്ക് ഒന്നും അറിയണ്ടല്ലോ.. നിങ്ങള്‍ടെ അപ്പനും അമ്മയും  എത്ര കഷ്ട്ടപെട്ടാ നിങ്ങളെ പഠിപ്പിക്കുന്നെ.. എന്നിട്ട് അവരുടെ പൈസ വെറുതെ അടിച്ചുപൊളിച്ചു നടക്കണ നിന്നെയൊക്കെ കാണുമ്പോളെ….” ആശാരി തന്റെ ദേഷ്യം മുഴുവന്‍ കൈപത്തി ഞെരുക്കി തീര്‍ത്തു. അപ്പോഴും ഒന്നും തിരിച്ചുപ്പറയാതെ നില്‍ക്കുകയാണാ ചെക്കന്‍. തല്ലു കൊണ്ട വേദനയിലും പതിയെ ചിരിച്ചുകൊണ്ട് അവന്‍ പറയുവാ, “ ചേട്ടാ.. ചേട്ടന്റെ വിഷമം എനിക്ക് പറഞ്ഞാല്‍ മനസ്സിലാകും.. ശരിയാ.. ചേട്ടന്റെ കുടുംബം അവിടെ പട്ടിണി കിടക്കുമ്പോള്‍ ഇവിടെ ഇങ്ങനെ ഒരു പരിപാടി നടത്താന്‍ പാടില്ലായിരുന്നു.. തെറ്റാണ്.. സമ്മതിക്കുന്നു.. പക്ഷെ ഞാന്‍ എന്ത് ചെയ്യും ചേട്ടാ.. എനിക്കൊന്നും പറയാന്‍ പറ്റില്ല… പാടില്ല.. അതാണ്‌ ശരി.. ചേട്ടന്‍ പറഞ്ഞല്ലോ ഞങ്ങള്‍ടെ അപ്പനും അമ്മയും കഷ്ട്ടപെട്ടുണ്ടാക്കിയ പണം ഞങ്ങള്‍ അടിച്ചുപൊളിച്ചു കളയുവാന്നു… എനിക്ക് അങ്ങനെ പൈസ ഒന്നുമില്ല.. ഇനി ഉണ്ടെങ്കില്‍ തന്നെ അത് തരാന്‍ അപ്പനും അമ്മയുമില്ല… എന്റെ ചിലവെല്ലാം നോക്കുന്നത് ഇവന്മാരാ.. സത്യം പറഞ്ഞാ ഈ കൊള്ളരുതായ്മകളെല്ലാം കണ്ടില്ലാന്നു നടിക്കുന്നതും അതുകൊണ്ടാ.. പോകാന്‍ വേറെ സ്ഥലമില്ലാത്തോണ്ടാ..”, കണ്ണീര്‍ പൊടിയുന്നതിനിടയിലും ചിരിക്കാന്‍ മറക്കാതെ അവന്‍ തുടര്‍ന്നു, “..ചേട്ടന്‍ മാപ്പാക്കണം.. ശപിക്കരുത്..”. ഒന്നും പറയാനുണ്ടായിരുന്നില്ല ആ ആശാരിക്ക്‌.. അയാള്‍ തിരികെ തന്റെ വീട്ടിലേക്കു നടന്നു.. ലോകവും മനുഷ്യരും നമ്മള്‍ കാണുന്നതുപോലെയല്ല.. പല നിഗൂഢതകളും  അതില്‍ മറഞ്ഞിരിപ്പുണ്ട്‌ ”.

കുടിയന്‍ കഥ പറഞ്ഞു നിര്‍ത്തി.. അയാളുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ട്‌… ഒന്നും പറയാതെ ഒരു നിമിഷം ഞങ്ങളെ നോക്കി പുഞ്ചിരിച്ചിട്ട് അയാള്‍ പുറത്തേക്കു ഇറങ്ങി പോയി… ഞാന്‍ അരുണിനെ നോക്കി.. അവന്‍ വായും പൊളിച്ചിരിക്കുകയാണ്.. കടയിലെ ചേട്ടന്‍ ‘ഇതൊക്കെ പതിവാ.. മൈന്‍ഡ് ചെയ്യണ്ട’ എന്ന മട്ടില്‍ ഞങ്ങളെ നോക്കി ആംഗ്യം കാണിച്ചു.. തെല്ലൊരു ഒരു ചിരി കടക്കാരന് ഞാന്‍ പാസ്സാക്കി.. എന്നാലും എന്റെ ഉള്ളില്‍ നിറയെ ചോദ്യങ്ങളായിരുന്നു.. ആ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ ആ കുടിയനെ സാധിക്കുകയുള്ളൂ.. പക്ഷെ അയാളെ ഞാനിനി കാണുമോ.. അറിയില്ലാ.. എങ്കിലും ഒന്ന് അറിയാം.. കുടിയന്‍ പറഞ്ഞ അവസാന വാചകം.

‘ലോകവും മനുഷ്യരും നമ്മള്‍ കാണുന്നതുപോലെയല്ല.. പല നിഗൂഢതകളും അതില്‍ മറഞ്ഞിരിപ്പുണ്ട്‌ ’.

കുറെയേറെ ചോദ്യങ്ങള്‍ ബാക്കിയാക്കി ആ തിരക്കില്‍ മറഞ്ഞ ആ കുടിയന് ഈ കഥ സമര്‍പ്പിക്കുന്നു…

  • ശുഭം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create a website or blog at WordPress.com

Up ↑

%d bloggers like this: