അമരക്കാരന് വിട

ഇതൊരു കഥയല്ല, ഞങ്ങളുടെ നാടിന്‍റെ എല്ലാമെല്ലാമായിരുന്ന ഔസേപ്പ് ചേട്ടനെക്കുറിച്ചുള്ള എന്‍റെ പേരപ്പന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പാണ്. ഞാനും എന്‍റെ തലമുറയും അറിയാത്ത ജീവിതകഥ. ഇതില്‍ എന്‍റെ നാടും നാട്ടുകാരും അവരുടെ പഴയ ജീവിതവുമെല്ലാം വിവരിക്കപെടുന്നുണ്ട്. വെറുമൊരു വാട്ട്സാപ്പ് കുറിപ്പായി ഒതുങ്ങരുതെന്നും ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ കുറെപ്പേര്‍ക്കെങ്കിലും നമ്മുടെ പൂര്‍വികരുടെ ജീവിതം അറിയാന്‍ ഇത് ഉപകരിക്കുമെന്ന് തോന്നിയതുകൊണ്ടാണ് ഞാന്‍ ഈ ഓര്‍മ്മകുറിപ്പ് ഇവിടെ പങ്കുവെക്കുന്നത്. ഈ കുറിപ്പില്‍ പരാമര്‍ശിക്കുന്ന ചുരുക്കം ചിലത് മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. നിറകവിഞ്ഞൊഴുകുന്ന മീനിച്ചിലാറും, കടത്തുവള്ളവുമെല്ലാം എന്നേ ഓര്‍മ്മയായി. അതിന്‍റെ അവസാന ഏടെന്നോണം ഔസേപ്പ് ചേട്ടനും. ഔസേപ്പ് ചേട്ടന് സമര്‍പ്പിതം.

കെ. കെ. ജോസഫ് കണ്ണച്ചാംകുന്നേല്‍ (1930 – 2020)

എഴുതിയത് – ശ്രീ. ജോയ് ജോസഫ്‌ തോപ്പന്‍

മുഖചിത്രം – അരുണ്‍ ശ്രീധരന്‍ (https://arunsreedharan.com)

തൊരു നാട്ടിലും ആബാലവൃദ്ധം ജനങ്ങളും ആശ്രയിക്കുകയും സ്നേഹിക്കുകയും ആയുരാരോഗ്യത്തോടെ ഇരിക്കുവാൻ പ്രാർത്ഥിക്കുകയും ചെയ്യുന്ന ആരെങ്കിലും ഒരാൾ ഉണ്ടായിരിക്കും. അത്തരത്തിൽ അരനൂറ്റാണ്ടിലധികം ഞങ്ങളുടെ നാട്ടുകാരുടെ ദൈനംദിന ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്ന ഒരു മനുഷ്യജീവൻ തൊണ്ണൂറു വയസ്സിൽ ഇന്നലെ അസ്തമിച്ചു.
ഇപ്പോഴത്തെ തലമുറ, 35 വർഷം മുമ്പ് സെന്‍റ് തോമസ് കോളേജിൽ നിന്നും വിരമിച്ച ഒരു ജീവനക്കാരനായി മാത്രമായിരിക്കും കെ. കെ. ജോസഫ് കണ്ണച്ചാംകുന്നേലിനെ തിരിച്ചറിയുക.
എന്നാൽ മീനച്ചിലാറിന്‍റെ തിരത്ത് 1950ൽ സെന്‍റ് തോമസ് കോളജ് ആരംഭിച്ച കാലത്ത് തന്നെ വെള്ളിയേപ്പള്ളിയേയും അരുണാപുരത്തേയും ബന്ധിപ്പിക്കുന്ന ഒരു തോണിക്കാരനായി ഔസേപ്പുചേട്ടൻ ജനസേവനമാരംഭിച്ചിരുന്നു. കടപ്പാട്ടൂരിലും മുത്തോലിയിലും അന്ന് പാലം ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ സെന്‍റ് തോമസ്, അൽഫോൻസാ കോളേജുകളിലേക്കും, പാലായിലെ സ്കൂളുകളിലേക്കുമുള്ള കുട്ടികളും, കൊഴുവനാൽ, മേവട, പന്തത്തല, മുത്തോലി മുതലായ സ്ഥലങ്ങളിൽ നിന്നുള്ള ജനങ്ങളും പാലായ്ക്ക് പോകാനായി ഈ കടത്തുവള്ളമാണ് ആശ്രയിച്ചിരുന്നത്.


കോളജിന്‍റെ ഉടമസ്ഥതയിൽ 10 പേർക്ക് കയറാവുന്ന “ചെറിയ വള്ള”വും, 20 പേരു വരെ കയറുന്ന “വലിയ വള്ള”വും ഉണ്ടായിരുന്നു. ചെറിയ വള്ളത്തിൽ ആറു മണിക്ക് ആരംഭിക്കുന്ന കടത്ത് കോളേജ് ടൈം ആകുമ്പോൾ രാവിലെയും വൈകുന്നേരവും വലിയ വള്ളത്തിലാവും. വർഷകാലത്ത് മലവെള്ളപ്പാച്ചിലിൽ, മലരിയും ചുഴിയും നിറഞ്ഞ പാലക്കയത്തിന്നു മുകളിൽ കൂടി തന്മയത്തത്തോടെ തുഴയെറിഞ്ഞു വള്ളത്തിലും കരയിലും ഭയചകിതരായി നിൽക്കുന്ന ആളുകളെ സുരക്ഷിതരായി ലക്ഷ്യ സ്ഥാനത്തെത്തിക്കുവാൻ ഔസേപ്പുചേട്ടനുള്ള കഴിവ് അത്ഭുതകരമായിരുന്നു. അമരത്ത് ഒസേപ്പ് ചേട്ടനുണ്ടെങ്കിൽ ഏത് വെള്ളപ്പൊക്കത്തിലും കുട്ടികൾക്കും മുതിർന്നവർക്കും വൃദ്ധർക്കും ഭയപ്പാടില്ലായിരുന്നു. മദയാനയെ പോലെ കലങ്ങിമറിഞ്ഞു ചുഴലിയായും മലരിയായും ചുറ്റൊഴുക്കായും രണ്ടു ഈണ്ടികളേയും കിളച്ചു മറിച്ച് ഒഴുകി പോകുന്ന പുഴയമായുള്ള യുദ്ധമായിരിക്കണം ഓസേപ്പു ചേട്ടനെ ഇത്രമാത്രം ധൈര്യശാലിയാക്കിയത്. ആളുകളുമായി പോകുമ്പോൾ തന്നെ ഒഴുകിയെത്തുന്ന തേങ്ങയും പുളിയും മറ്റും തുഴച്ചിലിനിടയിൽ തന്നെ കോരിയെടുത്ത് വള്ളത്തിലിട്ട് പോകന്നത് ഒരു പ്രത്യേക കല തന്നെയായിരുന്നു. ഞാനും എന്‍റെ സഹോദരന്മാരും നാട്ടുകാരായ യുവാക്കളുമെല്ലാം മുൻപിൽ നിന്ന് തുഴഞ്ഞു വെള്ളപ്പൊക്ക സമയത്ത് അക്കരയെത്തിക്കാൻ സഹായിക്കുമായിരുന്നു.


സമയം തെറ്റി വരുന്നവരേയും, പ്രാതൽ, ഉച്ചഭക്ഷണ സമയത്ത് ഓടിയെത്തുന്നവരേയും അല്‍പ്പം കടുപ്പമായി സംസാരിച്ചാലും കടത്തിവിടാതിരിക്കുമായിരുന്നില്ല. അസമയത്ത് വരികയും തോണിക്കാരനില്ലാതെ അസ്വസ്ഥരാകുകയും ചെയ്യുന്ന ആളുകൾ, വല്ലപ്പോഴുമെങ്കിലും വഴക്കണ്ടാക്കുകയും അതിൽ ഒരു തവണ ആശുപത്രിവാസം പോലും വേണ്ടി വരികയും ചെയ്തിട്ടുണ്ട്. കോളേജിന്‍റെ തോണിക്കാരനായിട്ടും നാട്ടുകാർക്കും എല്ലാക്കാലവും ഏറ്റവും ഉപകാരിയായിരുന്നു. കാര്യമായ വിദ്യാഭ്യാസമില്ലാതിരുന്നിട്ടും സ്വപ്രയത്നംകൊണ്ട് ഭാഷ പഠിച്ച്, സമയം കിട്ടുമ്പോഴെല്ലാം ദിനപത്രവും മാസികകളും ഉറക്കെ വായിച്ച് കൈ നീളൻ ബനിയനും ധരിച്ച് വളളത്തിന്‍റെ ചുണ്ടിൽ വിശ്രമിക്കന്ന രൂപം മനസ്സിൽ അങ്ങനെ തന്നെയുണ്ട്. പരിചയം കൊണ്ട് അത്യാവശ്യം ഇംഗ്ലീഷും, പൊതു വിജ്ഞാനവും അദ്ദേഹത്തിന് നല്ലത്പോലെ ഉണ്ടായിരുന്നു.
മീനച്ചിലാർ കരകവിഞ്ഞു ഒഴുകുമ്പോൾ വലിയ വള്ളം നിറയെ കോളേജ് കുട്ടികളുമായി, റബ്ബർ തോട്ടങ്ങൾ മൂടി ഒഴുകുന്ന തോട്ടു മുന്നി കടന്ന്, വേഗം കൂട്ടി ഇടത്തേക്ക് തിരിച്ച്, ഒഴുക്ക് മുറിച്ച് അക്കരെയുള്ള വലിയ കെട്ടിലേക്ക് തന്മയത്വത്തോടെ സുരക്ഷിതമായി വള്ളം അടുപ്പിക്കുന്ന കാഴ്ച ഇനി ഒരിക്കലും കാണാനാവില്ല. സ്വന്തം കഴിവുകൊണ്ടും ദൈവാനുഗ്രഹംകൊണ്ടും ഇത്രയും അപകടകരമായ ഒരു തൊഴിലിൽ പതിറ്റാണ്ടുകൾ ജോലി ചെയ്തിട്ട് ഒരപകടം പോലും നേരിടാതെ – ഒരു ജീവൻ പോലും നഷ്ടപെടുത്താതെ – എന്ന് മാത്രമല്ല മുങ്ങിമരണത്തിൽ നിന്ന് കണക്കില്ലാത്തത്രയാളുകളെ അദ്ദേഹം രക്ഷപെടുത്തിയിട്ടുമുണ്ട്. മീനച്ചിലാറ്റിലെ ഏറ്റവും അപകടകരമായ കടത്ത് ഇതായിരുന്നുവെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. പാലക്കയത്തിൽ മുങ്ങിമരണങ്ങൾ ആ കാലത്ത് നടന്നിട്ടുണ്ടെങ്കിൽ ഓസേപ്പുചേട്ടൻ ഡ്യൂട്ടിയിലില്ലായിരുന്നുവെന്ന് ഉറപ്പ്.


കഠിനമായ ജോലിക്ക് ശേഷം ഔസേപ്പ് ചേട്ടന്‍ ഒരു ഗ്ളാസ് മധുരക്കള്ള് കുടിക്കുവാനായി പന്തത്തല ഷാപ്പിൽ ഒരു നാൾ പോയ സമയത്താണ് അടുത്തവിട്ടിലെ ചേച്ചിയും, പെൺകുട്ടിയും അക്കരെ കടക്കുവാൻ കടവിലെത്തിയത്. താമസിച്ചാൽ മംഗലാപുരത്തിനുള്ള ട്രെയിന്‍ നഷ്ടമാകുമെന്നും അക്കരെ കടക്കുവാൻ സഹായിക്കാമോയെന്ന് ചോദിച്ചപ്പോൾ ഔസേപ്പ് ചേട്ടന്‍റെ വീട്ടില്‍ നിന്നും താക്കോൽ വാങ്ങി വള്ളം തുറന്നു ഞാൻ അവരെ അക്കരയെത്തിച്ചു. 46 വർഷം മുമ്പു ഞാൻ അക്കരെയിറക്കി വിട്ട ആ പെൺകുട്ടി ഇന്നും എന്‍റെ വീട്ടിലുണ്ട്‌, എന്‍റെ ഭാര്യയായി.


എന്‍റെ അപ്പനുമമ്മയും സഹോദരങ്ങളും ഭാര്യയും കുഞ്ഞുങ്ങളുമുൾപ്പെടെ മൂന്നു തലമുറയിൽപെട്ട എല്ലാവരേയും മറ്റു നാട്ടുകാരേയും എല്ലാ ദിവസവും മറുകരയെത്തിച്ച ഔസേപ്പ് ചേട്ടൻ നാട്ടുകാരുടെ സമയം സൂക്ഷിപ്പുകാരനുമായിരുന്നു. വർഷകാലത്ത് മാറ്റാർക്കും സാധിക്കാത്ത തരത്തിലുള്ള ഈ ജോലിയും വേനൽക്കാലത്ത് കോളേജ് ഓഫീസിലുമായിരുന്നു ഔസേപ്പ് ചേട്ടന്‍റെ സേവനം. എന്‍റെ അമ്മയുൾപ്പെടെ വളരെ കുറച്ചുപേർ മാത്രം മാസാവസാനം കടത്തുകൂലി കൊടുക്കുമായിരുന്നുവെങ്കിലും ഒന്നും കൊടുക്കാത്ത എന്നെപ്പോലുള്ളവരോട് ഒരു മുഷിച്ചിലും അദ്ദേഹത്തിനില്ലായിരുന്നു.

നാട്ടുകാർക്കും വീട്ടുകാർക്കമായി ജിവിതകാലം മുഴുവന്‍ ഒറ്റയാൾ പോരാട്ടം നടത്തി കടന്നുപോയ ഓസേപ്പ് ചേട്ടന് വിട .

  • ശുഭം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create a website or blog at WordPress.com

Up ↑

%d bloggers like this: