‘അണു’കുടുംബം

മുപ്പത് വര്‍ഷത്തിലേറെയായി അച്ഛന്‍ ഗള്‍ഫില്‍. ഇത്രേം വര്‍ഷത്തിനിടയില്‍ വളരെ കുറച്ചു തവണ മാത്രമേ നാട്ടില്‍ വന്നിട്ടുള്ളു. ഞാന്‍ ജനിച്ച ശേഷം എന്റെ മാമ്മോദീസയുടെ തലേ ദിവസം രാത്രിയാണ് അച്ഛന്‍ എന്നെ ആദ്യമായി കണ്ടത്. രണ്ടു ദിവസം കഴിഞ്ഞു അച്ഛന്‍ പോവുകയും ചെയ്തു. അമ്മ പറഞ്ഞ അറിവാണ് കേട്ടോ. വര്‍ഷത്തില്‍ ഒന്നോ കൂടിയാല്‍ രണ്ടു പ്രാവശ്യമോ മാത്രമാണ് ഞാനും ചേട്ടനും അച്ഛന്റെ സ്നേഹം അറിഞ്ഞിരുന്നത്. കൈനിറയെ കളിപ്പാട്ടങ്ങളും ചോക്ലേറ്റ്സുമായി വീട്ടുമുറ്റത്ത്‌ വന്നിറങ്ങുന്ന അച്ഛന്‍ – അതാണ്‌ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും നല്ല കാഴ്ച. അച്ഛന്‍ വന്നു കഴിഞ്ഞാല്‍ പിന്നെ അങ്ങോട്ട്‌ അടിപൊളിയാണ്. ആറ്റിലെ കുളി, മീന്‍പിടുത്തം, തോട്ടത്തില്‍ പോയി തേങ്ങപെറുക്കല്‍, പിന്നെ സന്ധ്യയാകുമ്പോ ജോയി ചേട്ടന്റെ വക നല്ല ഫ്രഷ്‌ നാടന്‍ ചെത്ത്‌ കള്ളും. അര ഗ്ലാസ്‌ എനിക്കും തരും. രാത്രി അത്താഴത്തിനു രാവിലെ പിടിച്ച നല്ല വരാലും, പിന്നെ സ്വന്തം പറമ്പിലെ അരിമണി കൊത്തിത്തിന്ന എന്തെങ്കിലുമൊരു ഹതഭാഗ്യനായ കോഴിയും. രാത്രികാലങ്ങളില്‍ അച്ഛന്റെ കൂട്ടുകാര്‍ വന്നു അച്ഛനെ കൊണ്ടുപോകും, അപ്പൊ അവരോടു തോന്നുന്ന ദേഷ്യം വേറെ ആരോടും എനിക്കിത് വരെ തോന്നിയിട്ടില്ല. ജീവിതത്തിലെ ഏറ്റവും താങ്ങാനാവാത്ത നിമിഷം അച്ഛന്‍ തിരിച്ചു പോകുന്ന അന്നാണ്. അന്ന് ഒരു മരണവീട് പോലെയാകും ഞങ്ങള്‍ടെ വീട്. അച്ഛന്‍ യാത്ര പറഞ്ഞിറങ്ങിയാല്‍ പിന്നെ തിരിഞ്ഞു നോക്കില്ല. അച്ഛന്‍ കരയുന്നത് മറ്റുള്ളവര്‍ കാണരുത് എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നിരിക്കണം.

ചേട്ടനായിരുന്നു അച്ഛന്‍ കഴിഞ്ഞാല്‍ എനിക്കെല്ലാം. ഞങ്ങള്‍ ഒരുമിച്ചായിരുന്നു സ്കൂളില്‍ പോകുന്നതും വരുന്നതും, കളിക്കുന്നതും, കിടക്കുന്നതുമെല്ലാം. അച്ഛന്‍ വെറും അതിഥിയാകുന്ന ആ വീട്ടില്‍ ഒറ്റപെടല്‍ എന്ന അവസ്ഥ ചേട്ടനുണ്ടായിരുന്നിടത്തോളം കാലം ഞാന്‍ അറിഞ്ഞില്ല. അതെനിക്ക് മനസ്സിലായത് ചേട്ടന്‍ ഉപരിപഠനത്തിനു പുറത്തു പോയപ്പോഴാണ്. അന്ന് ചേട്ടന്‍ കാറിലിരുന്നു കരഞ്ഞത് ഞാന്‍ കണ്ടു. ഞാനും കരഞ്ഞു. ഒരുപാട് കരഞ്ഞു. പിന്നെ ആ വീട്ടില്‍ ഞാനും അമ്മയും മാത്രമായി. അച്ചനെപോലെതന്നെ ചേട്ടനും ആ വീട്ടില്‍ വെറുമൊരു അതിഥിയായി. അച്ഛന്‍ വരുമ്പോള്‍ ചേട്ടന്‍ ഉണ്ടാവില്ല, ചേട്ടന്‍ വരുമ്പോള്‍ അച്ഛനും. എല്ലാവരും ഒന്നിച്ചിരുന്നു അത്താഴം കഴിച്ച കാലം ഞാന്‍ മറന്നു. ജോലിയുടെ ആവശ്യത്തിനായി ഞാനും പോയപ്പോള്‍ അമ്മ തനിച്ചായി. അമ്മയുടെ ഒരു ഫോണ്‍ കോളിലും അമ്മ പറയാതെ പറഞ്ഞിരുന്നു – “മോനെ നീയെങ്കിലും ഒന്ന് വന്നു കൂടെയിരിക്കെടാ” എന്ന്. ആഗ്രഹമുണ്ടെങ്കിലും അതിനു എന്ത് ഉത്തരം പരയുമെന്നറിയാതെ ഞാന്‍ വെറുതെ മൂളും. അമ്മ ഒരു ഉമ്മയും തന്നു ഫോണ്‍ വെക്കും. എനിക്കറിയാം അമ്മ അവിടെ കരയുകയാണെന്ന്.

ഈ കഴിഞ്ഞ മാസം ഒരു മഹാമാരി ലോകം എങ്ങും പൊട്ടിപുറപ്പെട്ടു. പലരാജ്യങ്ങളിലും കുറെയേറെപ്പേര്‍ മരണപെട്ടു. അച്ഛന്റെ അവിടെയും ഈ രോഗം പെട്ടെന്നുതന്നെ പടര്‍ന്നുപിടിച്ചു. ഞങ്ങള്‍ ആകെ പേടിച്ചു. എത്രയും പെട്ടെന്ന് നാട്ടിലേക്കു വരാന്‍ ഞങ്ങള്‍ പറഞ്ഞു. ചേട്ടനും വേഗം തന്നെ നാട്ടിലേയ്ക്ക് തിരിച്ചു. രോഗം പതിയെ വില്ലനായിക്കൊണ്ടിരുന്ന സമയത്താണ് അച്ഛനും ചേട്ടനും നാട്ടില്‍ എത്തിയത്. പലതരം ടെസ്റ്റുകള്‍ക്കായി അവര്‍ രണ്ടുപേരും രണ്ടു ദിവസമായി ഐസോലെഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെ രണ്ടുപേരുടെയും റിസള്‍ട്ട്‌ വന്നു. രണ്ടു പേര്‍ക്കും രോഗമില്ല. എങ്കിലും ജാഗ്രത വേണമെന്നും, ഇനിയൊരു പതിനാലു ദിവസത്തേയ്ക്ക് വീട്ടില്‍ നിന്നും ഇറങ്ങരുത് എന്ന നിര്‍ദേശവും അവര്‍ മുന്നോട്ടു വെച്ചു. പുറത്തെ വിശേഷങ്ങള്‍ അത്ര സുഖകരമല്ലെങ്കിലും ഇവിടെ എല്ലാം മംഗളകരമായി അവസാനിച്ചു.

ഇന്നവര്‍ രണ്ടുപേരും ആശുപത്രി വിട്ടു വീട്ടില്‍ വരും. വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ എല്ലാവരും പരസ്പരം കാണും, കെട്ടിപിടിക്കും, കരയും, ഉമ്മ വെക്കും, കഥകള്‍ പറയും, ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കും. ഈ രോഗം എത്ര കുടുംബങ്ങള്‍ തകര്‍ത്തു എന്നെനിക്കറിയില്ല, പക്ഷെ പാതിതകര്‍ന്ന എന്റെ കുടുംബത്തെ ഒന്ന് ചേര്‍ത്ത് എന്ന് മാത്രം അറിയാം. അടുത്ത പതിനാല് ദിവസം ഞങ്ങള്‍ ആരും പുറത്തു വരില്ല. അച്ഛന്റെ കൂട്ടുകാരും ഇതുവഴി വരില്ല എന്നറിയാം. ഈ ചുവരുകള്‍ക്കുള്ളില്‍ ഞങ്ങള്‍ എല്ലാവരും കുറെക്കാലമായി ആഗ്രഹിച്ച ആ പഴയ നല്ല നിമിഷങ്ങള്‍ വീണ്ടും ജീവിക്കാന്‍ പോവുകയാണ്. അച്ഛനും അമ്മയും ചേട്ടനും ഞാനും അടങ്ങുന്ന ഒരു കൊച്ചു കുടുംബം.

എല്ലാത്തവണയും പോലെ ഇത്തവണയും നമ്മള്‍ ഒരുമിച്ചു ഈ വിപത്തിനെതിരെ പോരാടും. നമ്മള്‍ ജയിക്കും. കാരണം ഞാനും നിങ്ങളും എല്ലാവരും ഒന്നല്ലങ്കില്‍ മറ്റൊരു രീതിയില്‍ പോരാളികളാണ്.

സമര്‍പ്പിതം : എല്ലാ പ്രവാസികള്‍ക്കും അവരുടെ കുടുംബത്തിനും.

ശുഭം

20 thoughts on “‘അണു’കുടുംബം

Add yours

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create a website or blog at WordPress.com

Up ↑

%d bloggers like this: