തിരോധാനം

‘Alex Kandathi calling’

“ഹലോ”, എന്റെ ഫോണിലേയ്ക്ക് വന്ന കോള്‍ എടുത്തു ഞാന്‍ ചോദിച്ചു.

“ ഹലോ, ആല്‍വിനുണ്ടോ അവിടെ?”, മറുതലയ്ക്കല്‍ നിന്നു ആന്‍റി ചോദിച്ചു.

“ ഞാനാണ് ആന്‍റി.. പറഞ്ഞോ”, ഞാന്‍ മറുപടി പറഞ്ഞു.

“ മോനെ.. നീയല്ല.. ആല്‍വിന്‍ (കണ്ടത്തി – ആന്‍റിയുടെ മൂന്നുമക്കളില്‍ രണ്ടാമന്‍) എന്തിയേ? അവിടെയില്ലേ?”, ആന്‍റി ചോദിച്ചു.

“ ഇവിടെയോ? ഇല്ല ആന്‍റി”, എന്തോ അപകടം മണത്തു ഞാന്‍ മറുപടി പറഞ്ഞു.

“ഇല്ലേ..?? പിന്നെ അവന്‍ എവിടെ പോയി..? നിങ്ങള്‍ടെ കൂടെയല്ലേ അവന്‍ സിനിമ കാണാന്‍ വന്നെ…” ആന്‍റി പരിഭ്രമത്തോടെ ചോദിച്ചു.

“ അതെ.. പക്ഷെ ഞങ്ങള്‍ നാല് മണിയായപ്പോള്‍ ഇവിടെ എത്തിയാതാണല്ലോ… അവന്‍ എന്തോ കൊറിയര്‍ മേടിക്കാനുണ്ടെന്നു പറഞ്ഞാ പിരിഞ്ഞേ.. ഇതുവരെയായിട്ടും അവന്‍ വന്നില്ലേ?”, ഞാന്‍ അല്‍പ്പം പേടിയോടെ ചോദിച്ചു.

“ ഇല്ല മോനെ.. അവനെ വിളിച്ചിട്ട് അവന്‍ എടുക്കുന്നുമില്ല… മണി ഇപ്പൊ എട്ടര ആയി.. അവനിത് എവിടെപോയി കിടക്കുവാ.. എനിക്കെന്തോപോലെ… അവനെ ഫോണില്‍ കിട്ടാതോണ്ടാ ഞാന്‍ അലക്സിന്റെ ഫോണീന് മോനെ വിളിച്ചേ.. സഹദിനെ വിളിച്ചു നോക്കുവോ മോന്‍…”, ആന്‍റി കൂടുതല്‍ കൂടുതല്‍ പരിഭ്രാന്തതയോടെയാണ് ഈ ഡയലോഗ് മുഴുവന്‍ പറഞ്ഞത്.

“ ഞാന്‍ വിളിച്ചു ചോദിക്കാം ആന്‍റി… ആന്‍റി പേടിക്കണ്ട… ഞാന്‍ ഒന്ന് അന്വേഷിക്കട്ടെ..”, വല്ലാത്തൊരു പേടിയോടെ ഞാന്‍ ആ കോള്‍ അവസാനിപ്പിചു.

“അവനീ ഫോണ്‍ എടുക്കാതെ എവിടെപോയി കിടക്കുവാ..”, ഞാന്‍ മനസ്സില്‍ ചോദിച്ചു.

“ ഡാ, സഹദേ… കണ്ടത്തി അവിടെയുണ്ടോ?”, ഞാന്‍ സഹദിനോട് വിളിച്ചു ചോദിച്ചു.

“ ഇല്ല .. എന്താടാ കാര്യം?”

“ ഡാ അവനെ കാണുന്നില്ലാന്നു പറഞ്ഞോണ്ട് അവന്റെ അമ്മ ഇപ്പൊ എന്നെ വിളിച്ചു.. ആ പൊട്ടന്‍ ഇതുവരെ വീട്ടില്‍ ചെന്നിട്ടില്ല… എന്താ ഇപ്പൊ ചെയ്യേണ്ടേ?”, ഞാന്‍ ചോദിച്ചു.

“ ഹേ.. വീട്ടില്‍ ചെന്നില്ലേ… അവനിത് എവിടെപോയി കിടക്കുവാ.. നീ അക്ഷയ് യെ വിളിച്ചോ?”, ശഹദ് ചോദിച്ചു.

“ ഇല്ല.. ഒരു കാര്യം ചെയ്യ്.. നീ അക്ഷയ് യെ വിളിക്ക്. ഞാനിപ്പോ വണ്ടിയുമായി നിന്റെ വീട്ടിലോട്ടു വരാം..”, ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.

കണ്ണില്‍ കണ്ട ഡ്രസ്സ്‌ ഇട്ടു വണ്ടിയെടുത്തു സഹദിന്റെ വീട് ലക്ഷ്യമാക്കി പാഞ്ഞു. ഇതിനിടയില്‍ പലതവണ കണ്ടത്തിയുടെ ഫോണില്‍ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

“ ഡാ എന്താ ഇപ്പൊ ചെയ്കാ?”, വീടിന്റെ മുന്നില്‍ എന്നെ കാത്തുനിന്ന സഹദിനോട് ഞാന്‍ ചോദിച്ചു.

“ നമുക്ക് ടൌണില്‍ ഒന്ന് പൊയ് നോക്കാം.. ഞാന്‍ അക്ഷയോട് ഇറങ്ങി നില്ക്കാന്‍ പറഞ്ഞിട്ടുണ്ട്..”, ശഹദ് പറഞ്ഞു.

“ ആ കൊച്ചിന്റെ കൈയ്യില്‍ വണ്ടി വെല്ലോം ഉണ്ടോ?” , ഉമ്മറത്തുനിന്നു സഹദിന്റെ അമ്മ വിളിച്ചു ചോദിച്ചു.

“ ഇല്ല… അമ്മ കതകടച്ചോ.. ഞങ്ങള്‍ ഒന്നുപോയി നോക്കീട്ടു വരാം..”, എന്റെ വണ്ടിയുടെ പുറകില്‍ കയറികൊണ്ട് ശഹദ് പറഞ്ഞു.

അപ്പോഴാണ്‌ എന്റെ ഫോണില്‍ ആന്‍റി വീണ്ടും വിളിച്ചത്.

“ മോനെ.. എന്തേലും വിവരം കിട്ടിയോ? എനിക്കെന്തോ പേടിപോലെ…”

“ ആന്‍റി , ഞങ്ങളിപ്പോ ടൌണിലോട്ട് പോകുവാ… നോക്കീട്ടു ആന്‍റിയെ വിളിക്കാം.. പേടിക്കേണ്ടാ കേട്ടോ…”

ഒരുതരത്തില്‍ ആന്‍റിയെ സമാധാനിപ്പിച്ചു ഞാന്‍ ഫോണ്‍ വെച്ചു. ഉള്ളില്‍ പേടി കൂടിയിരുന്നു.

ഞാന്‍ വണ്ടിയെടുത്തു.. പോകുന്ന വഴി മുഴുവന്‍ അവനെക്കുറിച്ചായിരുന്നു സംസാരം.

“ ഡാ അവന്‍ എന്തേലും പറ്റീര് ഇടപാടാണേല്‍ ഞാന്‍ പൊട്ടിക്കും.. കരണം നോക്കി പൊട്ടിക്കും..” ഞാന്‍ പറഞ്ഞു.

“ ഞാന്‍ പിന്നെ വെറുതെയിരിക്കുമോ..? പുല്ലന്‍ എന്നാലും എവിടെ പോയി കിടക്കുവാ…?”, ശഹദ് ചോദിച്ചു.

“ എവിടെ പോയതാണേലും അവനു ഫോണ്‍ എടുത്തൂടെ? ആന്‍റിയും നമ്മളും മാറി മാറി വിളിച്ചിട്ട് അവന്‍ എടുത്തില്ലല്ലോ..?”, ഭയവും ദേഷ്യവും എന്നില്‍ ഒരുമിച്ച് ഇരച്ചുകേറി.

“ ഫോണ്‍ എടുക്കുന്നില്ലേല്‍ ഇനി അവന്റെ ഫോണ്‍ ആരേലും അടിച്ചോണ്ട് പോയോ?”, ശഹദ് അവന്റെയൊരു സംശയം ചോദിച്ചു.

“ അടിചോണ്ടുപോയാലും അവന്‍ ഈ സമയംകൊണ്ട് വീട്ടില്‍ ചെല്ലെണ്ടേ.. അവനെന്താ കൊച്ചുകുട്ടിയാണോ..?”, അവന്റെ സംശയം പൊളിച്ചടുക്കി ഞാന്‍ പറഞ്ഞു.

“ അതുവല്ലേല്‍ പിന്നെ എന്തായിരിക്കും പറ്റീത്?”, ശഹദ് ആലോചനയിലാണ്ടു.

“ സഹദേ.. അവനിനി എന്തേലും……” , ഞാന്‍ പേടിയോടെ എന്റെ സംശയം ഉന്നയിച്ചു.

“ മിണ്ടാണ്ടിരിയെടാ കോപ്പേ.. അങ്ങനെയൊന്നും സംഭാവിക്കൂല്ലാ..”, ശഹദ് ചാടികേറി പറഞ്ഞു.

 വണ്ടി അക്ഷയ് ടെ വീട്ടിലെത്തി.

“ ടാ .. വെല്ലോ വിവരോമുണ്ടോ? ഞാന്‍ കുറെ വിളിച്ചു… അവന്‍ ഫോണ്‍ എടുക്കുന്നില്ല..”, കുളിച്ചു അടിപൊളി ഡ്രെസ്സും ധരിച്ചു അക്ഷയ് പുറത്തിറങ്ങിവന്നു പറഞ്ഞു.

“ നീയെന്താടാ രാത്രി ഈ കോലോം കെട്ടി”, ശഹദ് അക്ഷയ് യെ നോക്കി ചോദിച്ചു.

എല്ലാരുടെം മുഖത്ത് ചെറിയ രീതിയില്‍ ചിരി വിടര്‍ന്നു.

“ അവന്‍ എങ്ങോട്ടാ പോകുന്നെന്ന് പറഞ്ഞോ?”, അക്ഷയ് യുടെ അച്ഛനും അമ്മയും ഇറങ്ങി വന്നു ചോദിച്ചു.

“ അവനെന്തോ കൊറിയര്‍ മേടിക്കാന്‍ പോകുവാന്നാ പറഞ്ഞെ.. അത് നമ്മുടെ ഈരാറ്റുപേട്ട റൂട്ടിലാ… അവിടുന്നാ ഞങ്ങള്‍ പിരിഞ്ഞേ..”, ശഹദ് പറഞ്ഞു.

“ അങ്കിള്‍, ആന്‍റി… ഞങ്ങള്‍ എന്തായാലും ഒന്ന് പോയി അന്വേഷിച്ചിട്ട് വരാം..”, ഞാന്‍ പറഞ്ഞു.

രണ്ടു വണ്ടികളിലായി ഞങ്ങള്‍ മൂന്ന്പേര്‍ അന്വേഷണം ആരംഭിച്ചു യാത്രതിരിച്ചു.

“എവിടുന്നു തുടങ്ങും..?”, അക്ഷയ് ചോദിച്ചു.

“ ആ കൊറിയര്‍ സെന്റര്‍ എവിടാന്നു അറിഞ്ഞാല്‍ അവിടുത്തെ നമ്പര്‍ കണ്ടുപിടിച്ചു അവരോട് കാര്യം തിരക്കാം..”, ഞാന്‍ പറഞ്ഞു,

“ പക്ഷെ നിനക്കാ കൊറിയര്‍ സെന്റര്‍ എവിടാന്നു അറിയാമോ?”, ശഹദ് ചോദിച്ചു.

“ കൃത്യം അറിയില്ല.. എന്തായാലും പോയി നോക്കാം.. ആരോടേലും ചോദിക്കാലോ”, ഞാന്‍ പറഞ്ഞു.

“ എന്നാലാ കടേല്‍ ചോദിക്കാം..”, ശഹദ് അടുത്തുള്ള പഴക്കട കാണിച്ചു പറഞ്ഞു.

“ ചേട്ടാ… ഈ DTDC കൊറിയര്‍ സെന്‍റര്‍ എവിടാന്നു അറിയുവോ?”, ഞാന്‍ കടേല്‍ അന്വേഷിച്ചു.

എന്തോ ഒരു ബംഗാളി ഒന്നും മനസ്സിലാകാതെ അകത്തുപോയി വേറൊരു ചേട്ടനെ വിളിച്ചോണ്ട് വന്നു,

ഞാന്‍ ചോദ്യം ആവര്‍ത്തിചു, പക്ഷെ ‘അറിയില്ല’ എന്നായിരുന്നു ചേട്ടന്റെ മറുപടി.

ഓരോ നിമിഷം കഴിയുന്തോറും ഞങ്ങളുടെ ഉള്ളിലെ പേടിയും ആധിയും കൂടിക്കൂടി വരികയായിരുന്നു. അവന്‍ എവിടെയാണ്?.. അവനെന്താണ് ഫോണ്‍ എടുക്കാത്തത്?.. ഇനി അവന് എന്തേലും അപകടം പറ്റിക്കാണുമോ?… തുടങ്ങി തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി എന്ന ചിന്ത വരെ എന്റെ മനസ്സിലൂടെ കടന്നുപോയി. ഇതുവരെ അവനെ കണ്ടുക്കിട്ടാത്ത സ്ഥിതിക്ക് ചെറുപുഷ്പ്പം മുതല്‍ ഓരോ ആശുപത്രിയിലും കേറി അന്വേഷിക്കാം എന്ന ചിന്തയും എന്റെ മനസ്സിലുടലെടുത്തു.

എന്റെ ചിന്തകളെ ഭേദിച്ചുകൊണ്ട് ആന്‍റിയുടെ കോള്‍ വീണ്ടുമെത്തി.

“ ഡാ.. ദേണ്ടെ ആന്‍റി വീണ്ടും വിളിക്കുന്നു… ഞാന്‍ എന്ത് പറയാനാടാ?.. അവനെ കിട്ടിയില്ലാന്നു എങ്ങനാ പറയണേ..”, ഞാന്‍ എന്റെ വിഷമം അവന്മാരോട് പങ്കുവെച്ചു.

“ നീ ഫോണ്‍ എടുക്കു.. സംസാരിക്ക്..”, ശഹദ് ധൈര്യം തന്നു.

“ എടുക്കെടാ.. കുഴപ്പമില്ലാ.. എടുത്തില്ലേല്‍ പണിയാകും”, അക്ഷയ് യും ധൈര്യം തന്നു.

രണ്ടും കല്‍പ്പിച്ചു ഞാന്‍ ഫോണ്‍ എടുത്തു. എങ്ങനെ ആന്‍റിയോട്‌ പറയും എന്ന് പേടിച്ചു, പതിയെ സംസാരിക്കാന്‍ തുടങ്ങവേ മറുതലയ്ക്കല്‍നിന്ന് ആന്‍റിയുടെ ശബ്ദം,

“ ഡാ മക്കളെ.. അവനെ കിട്ടി… അവന്‍ അവന്റെ റൂമില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു.. ആരോടും ഒന്നും പറഞ്ഞില്ലന്നെ.. പറയാണ്ട് വീട്ടില്‍ കേറി വന്നു പുള്ളി റൂമീ കേറി കിടന്നു.. എന്താ ചെയ്യണ്ടെന്നു പറ.. നിങ്ങള്‍ കൊറേ ബുദ്ധിമുട്ടിയല്ലേ.. സോറിട്ടോ..”

കണ്ണടച്ചാണ് ഈ ഫുള്‍ ഡയലോഗ് കേട്ടത്… ആപാദചൂഡം ഒരു തരിപ്പായിരുന്നു… ജീവിതത്തില്‍ ഇങ്ങനെ ടെന്‍ഷന്‍ അടിച്ചിട്ടില്ലാ… ഉള്ളിലെ ദേഷ്യവും, ചമ്മലും, സന്തോഷവുമെല്ലാം അടക്കിപിടിച്ചു ഞാന്‍ പറഞ്ഞു, “ ആ.. കിട്ടിയോ.. ശരി..”

“ അപ്പോള്‍ ശരീടാ മക്കളെ.. താങ്ക്യു”

ആന്‍റി ഫോണ്‍ കട്ട്‌ ചെയ്തുപോയി.

“ എന്താടാ പറഞ്ഞേ?”, അക്ഷയ് യും സഹദും ഒരേ സ്വരത്തില്‍ ചോദിച്ചു.

കാര്യം മുഴുവന്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ അവന്മാരുടെയും മുഖത്ത് ഞാന്‍ ആ സെയിം ഭാവങ്ങള്‍ മിന്നിമറയുന്നത് കണ്ടു. ഒരു നിമിഷത്തെ ഇടവേള കഴിഞ്ഞു ആ ഭാവം ഒരു പൊട്ടിച്ചിരിയായി മാറി… അവരവരുടെ വീടുകളില്‍ വിളിച്ചു കുഴപ്പമില്ല എന്ന വാര്‍ത്ത അറിയിച്ചു.

“ ഇനിയിപ്പോ എന്താ ചെയ്യേണ്ടേ?”, ഞാന്‍ ചോദിച്ചു.

“ വണ്ടി നേരെ അവന്റെ വീട്ടിലേയ്ക്ക് വിട്.. ആ മോന്തായം ഔ കണ്ടിട്ട് കിടന്നാ മതി.. ഒന്നുവില്ലേലും നമ്മളെ ഇത്രേം ഓടിച്ചതല്ലേ..?”, അക്ഷയ് പറഞ്ഞു.

ശഹദും അത് ശരിവെച്ചു. ഞങ്ങള്‍ കണ്ടത്തിയുടെ വീട് ലക്ഷ്യമാക്കി പാഞ്ഞു.

ഒരു ശ്മശാനമൂകത അവന്റെ വീടില്‍ മുഴുവന്‍ അലയടിച്ചിരുന്നു. ഞങ്ങള്‍ പതിയെ കോളിംഗ് ബെല്‍ അടിച്ചതും ഡോര്‍ തുറന്നു സാക്ഷാല്‍ കണ്ടത്തി ഇറങ്ങി വന്നു.. മണിക്കൂറുകള്‍ നീണ്ട തന്റെ ഉറക്കത്തിന്റെ ക്ഷീണം ആ കണ്ണുകളില്‍ വ്യക്തമാണ്. ഞങ്ങള്‍ മൂന്നു പേരും വീട്ടിലേയ്ക്ക് കേറിയപ്പോള്‍ അവന്റെ അമ്മയും അപ്പനും അനിയനും വേലക്കാരി ചേച്ചിയുമെല്ലാം ചുറ്റും കൂടിയിരിക്കുന്നത് കണ്ടു. എല്ലാരുടെം മുഖത്ത് കലിപ്പ് പ്രകടമാണ്. ഞങ്ങള്‍ വരുന്നതിനു മുന്‍പ്  വീട്ടില്‍ ഒരു ചെറിയ “തൃശൂര്‍ പൂരം” അരങ്ങേറിയെന്നു ഞങ്ങള്‍ ഊഹിച്ചു.

കണ്ടത്തിയെ കണ്ടെത്താന്‍ സാധിക്കാത്തതില്‍ മനംനൊന്ത് പോലീസ് സ്റ്റേഷനിലെയ്ക്ക് പോകാനായി ഒരുങ്ങി ഇറങ്ങിയതാണ് അവന്റെ അപ്പന്‍. അപ്പോഴാണ്‌ വേലക്കാരി ചേച്ചി അവന്റെ മുറിയില്‍ന്നിന്നും അവനെ കണ്ടെത്തിയത്. ഇല്ലായിരുന്നേല്‍ അവന്റെ പേരില്‍ പാലാ പോലീസ് സ്റ്റേഷനില്‍ ഒരു FIR രേഖപെടുത്തുമായിരുന്നു. വീട്ടിലെ ഈ അവസ്തയെല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അവനെ പഞ്ഞിക്കിടണമെന്ന ഞങ്ങള്‍ടെ ആഗ്രഹത്തിന് അന്ത്യം കുറിച്ചു, പകരം അവന്റെ മുഖം കണ്ടപ്പോള്‍ കൂടുതല്‍ കൂടുതല്‍ ചിരി മാത്രമാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. അത്രക്കും പരിതാപകരമായിരുന്നു അവന്റെ മുഖം.

“ഞാനൊന്നു ഉറങ്ങിയെണീറ്റപ്പോഴേയ്ക്കും ഇവിടെ എന്തൊക്കെയാ നടന്നെ?”, എന്ന മട്ടിലാണ് കണ്ടെത്തിയുടെ മുഖഭാവം. എന്തായാലും എല്ലാം കലങ്ങി തെളിഞ്ഞു എന്ന ആശ്വാസത്തില്‍ വീട്ടുകാരോട്  “ഇനി ഇവന്‍ അടുത്ത തവണ കാണാതാകുമ്പോള്‍ വരാം” എന്ന് പറഞ്ഞു പുറത്തേയ്ക്കിറങ്ങി. ഞങ്ങള്‍ വണ്ടി തിരിക്കുമ്പോഴും പാവം കണ്ടെത്തി ഞങ്ങളേം നോക്കി വരാന്തയില്‍ നില്‍ക്കുവായിരുന്നു.

“ ഡാ ഇങ്ങനെയൊക്കെ കിടന്നു ഉറങ്ങാമോ?” എന്ന് കളിയാക്കി ചോദിച്ചു ഞങ്ങള്‍ പുറത്തേയ്ക്കിറങ്ങി. അപ്പോഴാണ്‌ അക്ഷയ് യുടെ ചോദ്യം, “ ഇനിയപ്പോ എന്താ പരിപാടി?”

“ വീട്ടില്‍ പോണം.. കഴിക്കനെടുത്തു വെച്ച ചോറും കറീം കഴിക്കണം..”, ശഹദ് പറഞ്ഞു.

“ ഹേ.. അപ്പോള്‍ നമ്മള്‍ തട്ടുക്കടെല്‍ പോയിയല്ലേ കഴിക്കുന്നേ?”, അക്ഷയ് ചോദിച്ചു.

“ തട്ടുകടെലോ?.. എന്തിനു?”, ഞാനും ചോദിച്ചു.

“ എടാ തെണ്ടികളെ.. നിങ്ങള്‍ കണ്ടെത്തിയെ കാണുന്നില്ല എന്ന് പറഞ്ഞോണ്ട് വീട്ടി വന്നപ്പോള്‍ ഞാന്‍ കരുതി എന്നെ പറ്റിച്ചു എല്ലാര്‍ക്കും പുറത്തുപോയി കഴിക്കാനായിരിക്കൂന്ന്… അതോണ്ട് ഞാന്‍ അമ്മയോട് എന്റെ ഫുഡും കഴിച്ചോളാന്‍ പറഞ്ഞു ഒരുങ്ങിയിറങ്ങീതാ.. ഇനിയിപ്പോ വീട്ടില്‍ ചെന്നാല്‍ ഒന്നും കാണില്ലാ..”, അവന്‍ തേങ്ങാന്‍ തുടങ്ങി.

എനിക്കും സഹദിനും ചിരിപൊട്ടി. അപ്പൊ അതാണ്‌ അളിയന്‍ രാത്രി അണിഞ്ഞൊരുങ്ങി ഇറങ്ങീത്‌. ഒന്നും പറയാന്‍ വാക്കുകള്‍ കിട്ടാതെ ആ ചിരി മുഹൂര്‍ത്തം മാത്രം മനസ്സിലിട്ടു ഞാന്‍ വണ്ടി വിട്ടു. പാവം അക്ഷയ് അവന്‍ ഇന്ന് പട്ടിണിയാണോ ആവോ..

  • ശുഭം  

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create a website or blog at WordPress.com

Up ↑

%d bloggers like this: