‘ചില്ലറ’കാര്യം

ദിവസം മുഴവന്‍ നീണ്ട കഠിനമായ ജോലി സമ്മാനിച്ച പിരിമുറുക്കവും പുറകെ ഓടിയിട്ടും ഫ്ലാറ്റിലേയ്ക്കുള്ള ഒറ്റബസ്സ് നഷ്ട്ടപെട്ടതിലുള്ള ദേഷ്യവും പേറി നില്‍ക്കുകയാണ് ഞാന്‍. കൂട്ടിനു ജോലി തേടിയിറങ്ങിയ സുഹൃത്ത്‌ റോയിച്ചനുമുണ്ട്. തൂളുന്ന മഴയ്ക്കും എന്‍റെ ഉള്ളിലെ ചൂട് തണുപ്പിക്കാന്‍ ആവുന്നില്ല. കോളേജില്‍ പഠിച്ചോണ്ടിരുന്നപ്പോള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയ ചളികള്‍ റോയിച്ചന്‍ എടുത്തു അലക്കിക്കൊണ്ടിരുന്നു. ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ദാ വരുന്നു ഞങ്ങള്‍ക്ക് പോകാനുള്ള ബസ്സ്. ബസ്സിനു പുറകില്‍ വരിവരിയായി വന്നോണ്ടിരുന്ന വാഹനങ്ങളെ ഒരു നിമിഷം പിടിച്ചു നിര്‍ത്തി ഡ്രൈവര്‍ ഞങ്ങളെ കയറ്റി. തെറികള്‍ പുറകില്‍ നിന്ന് ഹോണ്‍ അടിയായി മുഴങ്ങി കേള്‍ക്കാം. കിട്ടിയ സീറ്റില്‍ ചാടിക്കേറി ഇരുന്നു.

“ടിക്കറ്റ്‌ പ്ലീസ്…”. പതിവ് വിളി വന്നു.

“രണ്ടു വള്ളത്തോള്‍”, കയ്യിലുള്ള 50 രൂപ നീട്ടിക്കൊണ്ടു ഞാന്‍ പറഞ്ഞു.

“ഒരു 4 രൂപ തന്നെ”, ഒരു മകന്‍ അപ്പനോടെന്നപോലെ കണ്ടക്ടര്‍ എന്നോട് പറഞ്ഞു.

“5 മതിയോ ചേട്ടാ..”, കയ്യിലാകെ ഉള്ള 5 രൂപ ചില്ലറയെടുത്ത് പുള്ളിക്ക് കൊടുത്തു.

“ആഹ്.. ഒരു രൂപ പിന്നെ തരാം”, കക്ഷത്തിലെ കറുത്ത ബാഗ്ഗിനുള്ളിലെ ഒരു രൂപ തുട്ടുകള്‍ എന്നെ കളിയാക്കി ചിരിച്ചിട്ടുണ്ടാകണം. രണ്ടു 12 രൂപേടെ ടിക്കറ്റും 40 രൂപയും എനിക്ക് തന്നു പുള്ളി അടുത്ത കസ്റ്റമറെ തേടി മുമ്പോട്ടു പോയി.

“എന്ത് മനുഷ്യനാടാ അത്… കയ്യിലില്ലാഞ്ഞിട്ടൊന്നും അല്ലല്ലോ.. ഒരു രൂപായേ..”, എന്റെ വിഷമം ഞാന്‍ റോയിച്ചനോട് പറഞ്ഞു.

“ഒരു രൂപേടെ കേസല്ലേ.. വിട്ടു കളയെടാ..”

“നിനക്കതു പറയാം.. ഈ 1 രൂപ നാളത്തെ എന്റെ വണ്ടികൂലിക്കുകൊടുക്കനുള്ളതാ..”. ഉള്ളിലെ ദേഷ്യം പച്ചവെള്ളം പോലെ ഞാന്‍ കുടിച്ചിറക്കി. ബാക്കി കിട്ടിയ രൂപയെടുത്ത്‌ പേര്‍സില്‍ വയ്ക്കാന്‍ തുടങ്ങിയപ്പോളാണ് ആ സത്യം ഞാന്‍ മനസ്സിലാക്കിയത്‌. പുള്ളിക്ക് കണക്കു തെറ്റി. 24 രൂപേടെ ടിക്കറ്റിനു 55 രൂപ കൊടുത്ത എനിക്ക് കിട്ടേണ്ട 31 രൂപയേക്കാള്‍ 9 രൂപ അധികമുണ്ടെന്റെ കൈയ്യില്‍.

“ബുഹഹഹഹ”. ഒരു നിമിഷം ഞാന്‍ മനസ്സില്‍ അട്ടഹസിച്ചു.

“ദൈവം ഉണ്ടെടാ റോയിച്ചാ.. ദാ കണ്ടോ.. പുള്ളി എനിക്ക് 40 രൂപയാ തന്നെ.. 1 രൂപ പുള്ളി മുക്കിയപ്പോള്‍ ദൈവമായിട്ടു പുള്ളിയെക്കൊണ്ട്‌ തന്നെ എനിക്ക് 9 രൂപ കൂട്ടി തന്നു.” തികഞ്ഞ ദൈവ വിശ്വാസിയായ റോയിച്ചന്‍ ‘നമ്മുടെ മച്ചാനാ’ എന്ന ഭാവത്തില്‍ ആങ്ങ്യം കാണിച്ചു.

“ടാ.. ഇത് തിരിച്ചു കൊടുക്കണോ?”, മനസ്സില്‍ പെട്ടെന്ന് മുളച്ച കുറ്റബോധം എന്നെക്കൊണ്ട് പറയിച്ചു.

“കൊടുത്തേക്കെടാ.. ഇല്ലേല്‍ നീ മുക്കിയ 9 രൂപയ്ക്കു പകരം നിന്റെ കയ്യീന്ന് തന്നെ പുള്ളി (ദൈവം) പൈസ മറിച്ചു കൊടുക്കും.” റോയിച്ചന്‍ പറഞ്ഞു.

“വേണ്ടാ.. കളയാന്‍ എന്റെ കൈയ്യില്‍ പൈസയില്ല.. കൊടുത്തേക്കാം.” ഞാന്‍ ആത്മഗതം പറഞ്ഞു.

“ഇനിയാരേലും ടിക്കറ്റ്‌ മേടിക്കാനുണ്ടോ?”, ചോദ്യം ചോദിച്ചു കണ്ടക്ടര്‍ വീണ്ടും ഞങ്ങളുടെ അടുത്തെത്തി. ഞാന്‍ 10 രൂപ പുള്ളിക്ക് നേരെ നീട്ടി.

“അല്ലെടാ.. നീ ടിക്കറ്റ്‌ എടുത്തതല്ലേ..” പുള്ളി ചിരിച്ചു കൊണ്ട് ചോദിച്ചു.

“ അതല്ല ചേട്ടാ.. 10 രൂപ കൂടുതലാ ചേട്ടന്‍ തന്നെ.. അതാ.” ഓസ്സിനു പൈസ കിട്ടിയാല്‍ തിരിച്ചു കൊടുക്കാത്തവര്‍ക്ക് ഞാന്‍ ‘മാതൃക’പുരുഷനായി.

“നീ ഭയങ്കര ഡീസെന്റ്‌ ആണല്ലോടാ…” അത് പറഞ്ഞപ്പോള്‍ പുള്ളീടെ കണ്ണു നിറഞ്ഞിരിക്കണം.

“..നിന്‍റെ നാടെവിടാ?” പുള്ളി ചോദിച്ചു.

അഭിമാനത്തോടെ ഞാന്‍ പറഞ്ഞു “പാലാ”..

കണ്ടക്ടറുടെ മുഖം മാറി.. പിന്നെ ഞാന്‍ അവിടെ കേട്ടത് കൂട്ടച്ചിരിയാണ്.. എനിക്കൊന്നും മനസ്സിലായില്ല.. ഞാന്‍ റോയിച്ചനെ നോക്കി… അവനും ഒന്നും മനസ്സിലായില്ല. എന്നാലും അവനും അവരോടൊപ്പം ആ ചിരിയില്‍ പങ്കുചേര്‍ന്നു.

“അല്ല.. ചേട്ടാ എന്റെ ബാക്കി ഒരു രൂപാ..”, ഞാന്‍ ഇത് ചോദിക്കുമ്പോഴും ആ ബസ്സ്‌ നിറയെ പൊട്ടിച്ചിരിയായിരുന്നു..

  • ശുഭം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create a website or blog at WordPress.com

Up ↑

%d bloggers like this: